Saturday, 22 September 2012

സൂര്യന്‍ പോയി..



ഒരിക്കല്‍
‍ ഞങ്ങളുടെ ക്ലാസിലുള്ള എല്ലാവരും കൂടി ദക്ഷിണേന്ത്യയിലെ ആര്‍ക്കിയോളജിക്കല്‍‍ സൈറ്റുകള്‍‍ സന്ദര്‍ശിക്കുകയായിരുന്നു. മധുരൈ മീനാക്ഷി ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം ഞങ്ങള്‍ പോയത് അടുത്തിടെ തിരിച്ചറിഞ്ഞ പുരാതന തുറമുഖമായ മുസ്രിസ് (ഇന്നത്തെ പട്ടണം) കാണാനായിരുന്നു.

ഏക സൌത്തിന്ത്യക്കാരനായതിനാ‍ല്‍ വളരെ സന്തോഷത്തോടെ എല്ലാതും മറ്റുള്ളവര്‍ക്കു വിശദീകരിച്ചു കൊണ്ടിരിക്കയായിരുന്നു ഞാന്‍. കേരളത്തിന്റെ കാലാവസ്ഥയും ചരിത്രവും എല്ലാം..
     
    മാര്‍ച്ച് മാസത്തിലെ ഉഷ്ണ തീക്ഷണതയാല്‍ എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു. പട്ടണത്തിലെത്തിയ ഞങ്ങള്‍ക്ക് പ്രത്യേക സ്വീകരണം തന്നെ ലഭിക്കുകയുണ്ടായി. ഉത്തരേന്ത്യയില്‍‍ നിന്നുള്ള ആദ്യ വിദ്യാര്‍ത്ഥി കൂട്ടമാണത്രെ ഞങ്ങള്‍‍. അവിടുന്ന് കണ്ടെത്തിയ സാധനങ്ങളെല്ലാം ഞങ്ങള്‍ക്കു കാണിച്ചു തന്നു. മുസ്രിസിന്‍റെ ഓരോ വളര്‍ച്ചയെ കുറിച്ചും വിശദീകരിച്ചു തരികയുണ്ടായി.

    പെട്ടന്നായിരുന്നു ഒരു മിന്നലും ഇടിയും അതോടു കൂടി ചുട്ടു പൊള്ളുന്ന സൂര്യനെ സാക്ഷിയാക്കി കോരിച്ചൊരിയുന്ന മഴയും. കുറുക്കന്‍റെ കല്യാണമെന്നാണ് വെയിലും മഴയും ഒന്നിച്ചുണ്ടായാല്‍ ചെറുപ്പത്തിലെല്ലാം ഞങ്ങള്‍ പറഞ്ഞിരുന്നതെന്ന് എന്‍റെ സഹപാഠികളോട് പറഞ്ഞപ്പോള്‍ അവര്‍ക്കു ചിരിയടക്കാനായില്ല.

ഒരുപാട് കാലത്തിനു ശേഷം മഴ കണ്ട ഉത്തരേന്ത്യക്കാരായ ചില സുഹൃത്തുക്കള്‍ മഴ നനയാന്‍‍ തന്നെ തീരുമാനിച്ചു. കണ്ണു തുളയുന്ന മിന്നലും കാതടയ്ക്കുന്ന ഇടിയും വന്നപ്പോഴേക്കും അവര്‍‍ പേടിച്ചു പിന്മാറി.

സാധാരണ വെയിലും മഴയും ഒന്നിച്ചു വന്നാല്‍‍ പെട്ടന്നു മഴ നിലയ്ക്കുകയോ അല്ലെങ്കില്‍ വെയില്‍‍ പോവുകയോയാണുണ്ടാവാറ്‍. പക്ഷേ അതിന്റെ ഒരു ലക്ഷണവും കാണാനില്ലായിരുന്നു. എനിക്കും അവിടെ ഉണ്ടായിരുന്ന മറ്റു മലയാളികള്‍ക്കും ചെറിയ ഭയം തോന്നി തുടങ്ങി. ഞങ്ങളുടെ പേടി വെറുതെയല്ല എന്നുറപ്പിക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവങ്ങള്‍.

വൈകാതെ എങ്ങും ഇരുട്ട്ഒന്നും കാണാനില്ല. അതു വരെ ആകാശത്ത് കത്തി ജ്വലിച്ചു നിന്നിരുന്ന സൂര്യനെ നോക്കിയപ്പോള്‍ അവിടെയില്ല. അന്ന് ഗ്രഹണമുള്ളതായി അറിവൊന്നുമില്ല. ആകാശത്തില്‍ ഒരു തുള്ളി വെളിച്ചമില്ലചില നക്ഷത്രങ്ങളുടെയും വിമാനങ്ങളുടെയുമൊഴിച്ച്.

കുറച്ചു നേരത്തെ സ്തംഭനത്തിനു ശേഷം എങ്ങും വിളക്ക് തെളിഞ്ഞു. ആരുടെ മുഖത്തും അങ്കലാപ്പു മാത്രം. ഒന്നിനും ആര്ക്കുമൊരുത്തരമില്ല. ചിലര്‍‍ പറഞ്ഞു അന്ത്യ നാളായിരിക്കുമെന്ന്. എന്‍റെ കൂടെയുണ്ടായിരുന്ന പലര്‍ക്കും ഫോണ്‍ വരാന്‍‍ തുടങ്ങി അവരവരുടെ വീടുകളില്‍‍ നിന്ന്. അപ്പോള്‍‍ മനസ്സിലായി ഇതൊരു ഓള്‍ ഇന്ത്യാ പ്രതിഭാസമാണെന്ന്. ദുബൈയിലുള്ള എന്‍റുപ്പാന്‍റെ കോള്‍ വഴി ഇതൊരു ഇന്‍റര്‍നാഷണല്‍ പ്രശ്നമായിരിക്കുന്നു എന്നറിയാന്‍ കഴിഞ്ഞു. എല്ലാവരും പെട്ടന്നു തന്നെ തങ്ങളുടെ ഇടങ്ങളിലെത്താന്‍‍ ആക്കം കൂട്ടി.

സയന്‍റിസ്റ്റുകളെല്ലാം തന്നെ ടെലിസ്കോപ്പുകളും മറ്റും ഉപയോഗിച്ച് സൂര്യനെ തെരയാന്‍ തുടങ്ങി. പക്ഷെ ഒരു പൊടി പോലും കാണാനില്ല. ആകാശം മുട്ടെ സോഡിയം ലാമ്പിന്‍റെ മഞ്ഞ നിറം. ഞാനാകെ ഭയന്നു നില്ക്ക യാണ്. ഇനിയെന്തു ചെയ്യുമെന്നറിയില്ല. എന്നാലും മനസ്സിലൊരു പ്രതീക്ഷ സൂ‍ര്യ‍‍ന്‍ തിരിച്ചു വരുമെന്ന്.

എല്ലാവരും വെപ്രാളത്തില്‍. രാത്രിയും പകലുമൊന്നുമില്ലാത്തതിനാല്‍‍‍ ഉറക്കം വരുമ്പോ‍ള്‍‍‍ ഉറങ്ങും ഉണരുമ്പോ‍‍‍ള്‍‍‍ ഉണരും. ഉണര്‍ന്നു കഴിഞ്ഞാല്‍‍ നേരെ പുറത്തു പോയി ആകാശം നോക്കും. പത്രങ്ങളിലും ചാനലുകളിലുമെല്ലാം പലരുടെയും പ്രവചനങ്ങള്‍, പ്രഖ്യാപനങ്ങള്‍, അഭിപ്രായ പ്രകടനങ്ങള്‍, സാന്ത്വനങ്ങള്‍‍ തുടങ്ങിയവ മാത്രം.
 രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ ലോകം ഒന്നടങ്കം ഊര്‍ജ ക്ഷാമം നേരിടാ‍ന്‍‍‍ തുടങ്ങി. ആവശ്യത്തിലധികമുള്ള സ്ട്രീറ്റ് ലൈറ്റുകള്‍‍ അണയ്ക്കാനുംഅനാവശ്യമായുള്ള ഊര്‍ജ ഉപഭോഗം കുറയ്ക്കാനും‍ ടി.വി യിലൂടെയും പത്രങ്ങളിലൂടെയും അറിയിപ്പുകളും വരാന്‍‍‍ തുടങ്ങി. ചില വികസ്വര രാജ്യങ്ങള്‍‍ (ഇന്ത്യചൈന തുടങ്ങിയ ജനസംഖ്യ കൂടിയവ) വികസിത രാജ്യങ്ങളോട് ഊര്‍ജം ഇരയ്ക്കാനും അവരെ പഴിചാരാനും തുടങ്ങി. ബറാക്ക് ഒബാമ അമേരിക്കയിലേക്കു ഉള്‍വലിഞ്ഞു കൊണ്ട് അമേരിക്കയുടെ ഊര്ജം അമേരിക്കക്ക് മാത്രം‍ എന്നു തുടങ്ങിയ പ്രസ്താവനകളും അതിനെതിരെ ഒബാമ സമം ഒസാമ സമം ആമ എന്നിങ്ങനെയുള്ള സമവാക്യങ്ങളുമായി ചിലര്‍‍‍ തെരുവുകളില്‍‍ ടോര്‍ച്ചും കത്തിച്ച് പ്രകടനങ്ങ‍ള്‍ നടത്താനും ആരംഭിച്ചു. യു.എന്‍. അതിന്‍റെ ചിരക്കാല മൌനം തുടര്‍ന്നു കൊണ്ടിരുന്നു. നാസയും യൂറോപ്യന്‍ ബഹിരാകാശ  ഏജന്‍സികളും .എസ്.ആര്‍‍. യുമെല്ലാം സൂര്യനു പകരം സാറ്റ്‍ലൈറ്റ് രൂപത്തിലുള്ള കൃത്രിമ സൂര്യനെ നിര്‍മ്മിക്കാനുള്ള ശ്രമവും ആരംഭിച്ചു.

മൂന്നാം ദിനം മുതല്‍‍ ഓക്സിജന്‍റെ ദൌര്‍ലഭ്യം അനുഭവപ്പെടാന്‍‍ തുടങ്ങി. എരിത്രിയയിലുംസുഡാനിലുംഹെയ്തിയിലുമെല്ലാം ആളുകള്‍‍ ഓക്സിജന്‍‍ കിട്ടാതെ മരിക്കുന്നതായി ഫ്ലാഷ് ന്യൂസുകള്‍‍ വന്നുകൊണ്ടിരുന്നു. ഓക്സിജ‍ന്‍‍‍ സിലിണ്ടര്‍ ഫിറ്റു ചെയ്തുകൊണ്ട് അന്ന് ലോക നേതാക്കള്‍‍ യോഗം ചേ‍ര്‍ന്നു. വികസിത രാജ്യങ്ങള്‍‍ അവരുടെ കൈയിലുള്ള ഊര്‍ജവും കൃത്രിമ ഓക്സിജനും മറ്റു അവികസിത രാജ്യങ്ങളുമായി പങ്കു വെക്കണമെന്നുള്ള പ്രമേയത്തെ വികസിത രാജ്യങ്ങള്‍ വീറ്റോ ചെയ്തു. തീരുമാനമൊന്നുമാകാതെ യോഗം പിരിയുകയും ചെയ്തു.
വാഹനങ്ങള്‍ ഓടിക്കാനാവാതെ ആളുകള്‍‍ വീടുകളില്‍‍ തന്നെയിരുന്ന് ചാനലുകള്‍‍ മാറ്റി ആകാശത്തിന്‍റെയും സൂര്യന്‍റേയുമെല്ലാം ഭംഗി ആസ്വദിച്ചു. ഓക്സിജന്‍ സിലിണ്ടര്‍ വില്‍ക്കുന്ന കടകള്‍ക്ക് മുമ്പില്‍ ക്യൂവിന്‍റെ നീളം നിമിഷം ചെല്ലുന്തോറും വര്‍ധിച്ചു. മരങ്ങള്‍‍ ഇലകള്‍‍ താഴ്ത്തി നിരാശരായി നിന്നു. കഠിന ഹൃദയനായ ഞാന്‍ വരെ ഉമ്മായെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി.

മസ്ജിദുകളില്‍ നിന്നെല്ലാം ആപത്തില്‍ പെട്ടാലുള്ള പ്രാര്‍ഥനകള്‍‍ ഉയരാന്‍‍ തുടങ്ങി. മുസ്ലീങ്ങള്‍‍ നിസ്കാരവുംഖുര്‍ആന്‍ ‍ പാരായണവും വര്‍ധിപ്പിച്ചു. അമ്പലങ്ങളില്‍‍ ഭജനയ്ക്കു ആളുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരുന്നു. പാതിരാ കുര്‍ബാനയ്ക്കു വരെ ചര്‍ച്ചുക‍ള്‍‍‍ നിറഞ്ഞു കവിഞ്ഞു. മതേത്വരത്ത അന്ധവിശ്വസികളായ കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍‍ വരെ ജനങ്ങളോട് പ്രാര്‍ഥിക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടു.

എന്‍റെ നാലാം ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ് ആകാശം നോക്കിയപ്പോള്‍‍ ആകാശം വിണ്ടു കീറി അവിടങ്ങളില്‍‍ നിന്നും പ്രകാശം വരുന്നു. ഇതു കണ്ടവരെല്ലാം ഉറപ്പിച്ചു പറഞ്ഞു അന്ത്യനാള്‍‍ തന്നെ ആകാശം ഇപ്പോള്‍‍ പൊട്ടി വീഴും ഭൂമിയും വൈകാതെ പിളരും. എന്തു ചെയ്യണമെന്നറിയാതെ പേടിച്ചു വിരണ്ട ഞാന്‍‍ വീണ്ടും ഉറങ്ങിപ്പോയി.

ബഹളം കേട്ട് ഞെട്ടിയുണര്‍ന്നപ്പോ‍ള്‍ ജനലിലൂടെ വെളിച്ചം. എല്ലാവരും ആഘോഷതിമി‍ര്‍പ്പില്‍‍. ടി.വി യിലൂടെ നേതാക്കന്മാര്‍‍ ആശംസകള്‍‍ നേരുന്നു. സൌര്യയൂഥത്തിനു പുറത്തുള്ള സൂര്യനേക്കാള്‍‍ വലിയൊരു വസ്തു സൂര്യനെ മറച്ചു വെച്ചതാണ് ഇരുട്ടിന് കാരണമായതെന്ന് സയന്‍റിസ്റ്റുകള്‍‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍‍ വന്നു കൊണ്ടിരുന്നു. അത് ഇപ്പോള്‍‍ നീങ്ങി പോവുകയും ചെയ്തു. പക്ഷെ അത് എവിടെ നിന്നു വന്നുവന്നോ എവിടെ പോയി എന്നോ ആര്‍ക്കും ഒരു ഉത്തരമില്ല.

ഇങ്ങിനെ സ്വപ്നം എത്തി നില്‍ക്കുമ്പോഴാണ് ഞാന്‍‍ ഉണര്‍ന്നത്. തലയുടെ അടുത്തു തന്നെയുള്ള മൊബൈലില്‍‍ സമയം‍ 10 മണി. വേഗം മെസ്സിലേക്ക് ഓടി. പക്ഷേ ഇപ്പോഴും  സ്വപ്നത്തിന്‍റെ ഹാങ് ഓവര്‍ മാറിയിട്ടില്ല. എന്‍റെ സഹ മുറിയന്‍‍ സുബൈറിനോടിത് പറഞ്ഞപ്പോള്‍ അവനാണുപദേശിച്ചത്‍ വേഗം എഴുതി വെക്കാന്‍.
    പക്ഷെ എന്‍റെ പേടി  സ്വപ്നം യഥാര്‍ത്ഥ്യമാവുമോ?

1 comment:

  1. എന്‍റെ തന്നെ വേറൊരു ബ്ലോഗില്‍ ഈ കഥ പോസ്റ്റു ചെയ്തിരുന്നു. കുറച്ചു മാറ്റ തിരുത്തലോടെ ഇവിടെ വീണ്ടാമതും.

    ReplyDelete