ചെറുപ്പത്തില്‍ എല്ലാ ദിവസവും കഥകള്‍ കേട്ടാണു ഞാന്‍ കണ്ണടക്കാറുണ്ടായിരുന്നത്. ഉമ്മയുടെ നാവിലൂടെ എന്‍റെ മനസ്സിലെത്തുന്ന കഥാപാത്രങ്ങളായിരുന്നു സ്വപ്നങ്ങളില്‍ എന്‍റെ കൂട്ട്. ഉമ്മയുടെ കഥകളില്‍ പലപ്പോഴും വരാറുള്ള അനാഥത്വത്തിലേക്ക് എന്നെയും ചേര്‍ത്തിട്ടു ഉമ്മയും യാത്രയായി. കഥകളും കഥാപാത്രങ്ങളും എന്‍റെ മനസ്സിലും സ്വപ്നത്തിലും ഇന്നും അവശേഷിക്കുന്നു. കുറച്ചു കാലമായി ദിനേനയെന്നോണം ഡയറിയില്‍ കുറിച്ചിട്ടിരുന്ന ചെറിയ ചില കഥകളാണ് ഇവിടെ പങ്കുവെക്കുന്നത്. അനുഭവങ്ങളും, ആവിഷ്കാരങ്ങളും ഇതിലുണ്ടായിരിക്കും.
Friday, 21 September 2012
'ആ നോട്ടം'
അപ്പുറത്തെ മേശക്കരികിലിരുന്ന് അവള്‍ ഇടങ്കണ്ണിട്ടു നോക്കാന്‍ തുടങ്ങിയിട്ടു നേരം കുറച്ചായി. അവളുടെ ആ നോട്ടം ഒരുപാടു അര്‍ഥങ്ങള്‍ നല്‍കുന്നതായിരുന്നു. ഇതുപോലെ ധാരാളം അനുഭവമുള്ളതിനാല്‍ തീര്‍ച്ചപ്പെടുത്തി ഇത് 'ആ നോട്ടം' തന്നെ. എന്നാലും തിരിച്ചും അതുപോലെ നോക്കാന്‍ അത്രയ്ക്കു ധൈര്യം തോന്നിയില്ല. അതിനാല്‍ വൈദഗ്ധ്യമായി തന്നെ നേരിടാന്‍ തീരുമാനിച്ചു.
ആദ്യം അറിയാത്ത പോലെ അഭിനയിച്ചു. പിന്നെ ഇടക്കിടെ കൂട്ടുക്കാരുമൊത്ത് തമാശ പറഞ്ഞു ചിരിക്കുമ്പോള്‍ സ്വാഭാവികമെന്നോണം നോക്കി തുടങ്ങി. ഒരിക്കല്‍ രണ്ടുപേരുടെയും മിഴികള്‍ കൂട്ടിമുട്ടി കുറച്ചുനേരം നിന്നു. പിന്നെ നോട്ടം മതിയാക്കി ആരും കണ്ടില്ലെന്നു ഉറപ്പു വരുത്തി, ഒന്നൂടെ നോക്കി ഒരു പുഞ്ചിരി കൈമാറി.
പതുക്കെ പതുക്കെ നോട്ടത്തിന്‍റെ പ്രവേഗം വര്‍ധിക്കാന്‍ തുടങ്ങി. എന്‍റെ മനസ്സ് കോരി തരിക്കയായിരുന്നു. കൂട്ടുക്കാര്‍ പറയുന്നതും ചിരിക്കുന്നതുമെല്ലാം ദൂരെ നിന്നും വരുന്ന നേര്‍ത്ത ശബ്ദമായി തോന്നി. ഇപ്പോള്‍ ഞാനും അവളും മാത്രം. എത്രയും പെട്ടന്ന് അവളുടെ അടുത്ത് ചെന്ന് മതിയാവോളം സംസാരിക്കാന്‍ തോന്നുന്നു. അവളുടെ കണ്ണുകളിലേക്കു തന്നെ ഒരുപാടു നേരം നോക്കിയിരിക്കാന്‍ തോന്നുന്നു.
അങ്ങനെ ഞാന്‍ മനോവ്യാപാരത്തില്‍ മുഴുകിയിരിക്കുമ്പോള്‍ അതാ അവള്‍ എഴുന്നേറ്റു വാഷ് ബേസിലേക്കു പോകുന്നു. ഞാനും എഴുന്നേറ്റു. വാഷ് ബേസിലെത്തോളമുള്ള എന്‍റെ മനസ്സ്....
ധൈര്യം സംഭരിച്ച് ഒരു ഹായ് പറഞ്ഞു. അവളും മടക്കി. ആ ധൈര്യത്തില്‍ തന്നെ ചോദിച്ചു.
"നീ എന്തിനാ എന്നെ തന്നെ നോക്കിയിരുന്നത്."
"നീ എല്ലേ എന്നെ നോക്കിയിരുന്നത്." മറുപടിയും വന്നു.
അവള്‍ കാര്യത്തില്‍ തന്നെയായിരുന്നു നോക്കിയിരുന്നത് എന്ന് മനസ്സിലായ സന്തോഷത്തോടെ
"പക്ഷേ നീ എല്ലേ ആദ്യം നോട്ടം തുടങ്ങിയത്."
കള്ള പുഞ്ചിരി നിറച്ച് നാണത്തോടെ നിലത്ത് നോക്കി കാല്‍ വിരല്‍ കൊണ്ട് വൃത്തം വരച്ച് മറുപടി പറയുമെന്നാണ് ഈ ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍.........................................
"പുറത്തു നിന്നും വന്നടിക്കുന്ന കാര്‍ ചില്ലിന്‍റെ പ്രതിഫലനം നിന്‍റെ മുഖത്ത് മഴവില്ലുണ്ടാക്കുന്നുണ്ടായിരുന്നു. ഞാന്‍ അത് നോക്കുകയായിരുന്നു."
അപ്പോഴാണ് ഞാന്‍ തന്നെ അതു ശ്രദ്ധിച്ചത്. തീവ്രത കുറവായതിനാല്‍ ശല്യം തോന്നിയിരുന്നില്ല.
നോക്കിയ ട്യൂണ്‍..... ഞാന്‍ പോക്കറ്റ് തപ്പുമ്പോള്‍, അവള്‍ മൊബൈലെടുത്ത് സംസാരിച്ചു.
"ഞാന്‍ കാന്‍റീനിലുണ്ട്. ചായ കുടിക്കാന്‍ കയറിയതായിരുന്നു... ഇപ്പഴോ..? എന്നാല്‍ വാ.. ഞാനിതാ ഇറങ്ങുന്നു."
അവള്‍ മൊബൈലില്‍ നിന്നും എന്‍റെ നേരെ തിരിഞ്ഞ്..
"എന്നാല്‍ ഓക്കെ.. ഞാന്‍ പോകട്ടെ.."
അവള്‍ നടന്നു നീങ്ങി. പുറത്ത് ഒരു ബൈക്ക് വന്നു നിന്നു. ഒരു സുന്ദരന്‍ അവളുടെ കൈ പിടിച്ചു കുലുക്കി.
അതുകണ്ട് കുന്തം വിഴുങ്ങിയ പോലെ ഞാന്‍ നില്‍ക്കുമ്പോള്‍, അവള്‍ ചിരിച്ചു കൊണ്ട് ബൈക്കിന്‍റെ പിന്നില്‍ കയറി പോയി.
Subscribe to:
Post Comments (Atom)
No comments:
Post a Comment