Saturday, 13 October 2012

3 ഒറ്റവരി കഥകള്‍

സര്‍ക്കാറോഫീസ്

പൌര ജനങ്ങളുടെ ക്ഷമ പരീക്ഷണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനം.

ക്യൂ.

അര്‍ഹമായത് സാധ്യമാവുന്നതിനു മുമ്പുള്ള ഒരാഗോള പ്രതിഭാസം.

കൌണ്ടര്‍

പൌരന്മാരുടെ ക്രോധത്തില്‍ നിന്നും രക്ഷ നേടാനുള്ള ഒരു ഏളിയ രക്ഷാ കവചം.

Saturday, 6 October 2012

വട്ടമൂച്ചി

എന്‍റെ ചെറുപ്പത്തിലെ ലോകാദ്ഭുതങ്ങളില്‍ ഒന്നായിരുന്നു വട്ടമൂച്ചി*. ചെറുപ്പം എന്നു പറയുമ്പോള്‍ കറുപ്പും വെളുപ്പിലേക്കുമൊന്നും പോകണ്ട. ഒരു പത്തു പതിമൂന്ന് വര്‍ഷം പിന്നിലോട്ട് മാത്രം.

വട്ടമൂച്ചി ലോകാദ്ഭുതമാവാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. പൂന്തോട്ടത്തിലെ ചെടികള്‍ വെട്ടി ഗോളാകൃതിയിലാക്കിയപോലെ ഒരു പടുകൂറ്റന്‍ വൃക്ഷം പത്തു പന്ത്രണ്ടു വയസുള്ള എനിക്ക് ലോകാദ്ഭുതമെല്ലാതെ വേറന്താ? സ്കൂളില്‍ ലോകാദ്ഭുതങ്ങളെ എണ്ണാന്‍ പറഞ്ഞപ്പോള്‍ പലപ്പോഴും വട്ടമൂച്ചിയുമുണ്ടായിരുന്നു എന്‍റെ ലിസ്റ്റില്‍ !

സ്ഥിരമായി ഒരു ജിന്ന് വന്നു വെട്ടി ശരിപ്പെടുത്തുന്നതിനലാണത്രെ അതിനു ആ ആകൃതി കൈ വന്നത്!


പാറയും പുല്ലും നിറഞ്ഞ ആ കുന്നിന്‍ പുറത്തു ആരുടെയും ആദ്യ നോട്ടം കവര്‍ന്നെടുത്ത് പന്തലിച്ചു നില്‍ക്കുന്ന ആ ഒറ്റയാന്‍ മാവായിരുന്നു ഞങ്ങള്‍ ചെള്ളു പിള്ളാരുടെ ആസ്ഥാനം. രണ്ടു പേര്‍ പിടിച്ചാലും കൈയ്യിലൊതുങ്ങാത്ത വിസ്തീര്‍ണമുണ്ട് അതിന്‍റെ താഴ് തടിക്കു. ഞാന്‍ മരം കയറ്റം പഠിച്ചതു വട്ടമൂച്ചിയില്‍ കയറിയായിരുന്നു.

എല്ലാ കാലത്തും കുളിരു മാത്രം തരുന്ന വട്ടമൂച്ചി ചുവട് ചൂടുകാലത്ത് തണലേകിയും മഴക്കാലത്ത് കുടയില്ലാതെ നില്‍ക്കാനുമുള്ള ഏര്‍പ്പാട് ചെയ്തും വഴിപോക്കര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും നല്‍കിയ ആശ്വാസം ചെറുതൊന്നുമല്ലായിരുന്നു.

സ്കൂളില്‍ പോകുമ്പോഴും തിരിച്ചു വരുമ്പോഴും എല്ലാവരും കൂടിയിരുന്നതും പിരിഞ്ഞു പോയിരുന്നതും വട്ടമൂച്ചിയുടെ താഴെ വെച്ചായിരുന്നു. സ്കൂള്‍ കട്ട് ചെയ്തു ഒളിച്ചിരുന്നിരുന്നതും വട്ടമൂച്ചിയില്‍ തന്നെയായിരുന്നു!

മാങ്ങാക്കാലം ഞങ്ങള്‍ക്കു ഉത്സവക്കാലമായിരുന്നു. മാവ് പൂക്കുന്നതു മുതല്‍ ഞങ്ങളെല്ലാവരും സ്ഥിരം വട്ടമൂച്ചിയുടെ ചുവട്ടില്‍ തന്നെയായിരിക്കും. പൂക്കള്‍ കൊഴിയുമോ എന്നു കരുതി അപ്പോഴൊന്നും ആരും മരം കയറാനോ കല്ലെറിയാനോ തയ്യാറാവില്ലായിരുന്നു.

ആ വര്‍ഷത്തെ മാങ്ങാക്കാലം എല്ലാവര്‍ക്കും ഓര്‍ത്തിരിക്കാന്‍ ഒത്തിരി ഓര്‍മ്മകള്‍ നല്‍കുകയുണ്ടായി. എന്നെ സംബന്ധിച്ചേടത്തോളം, കല്ലെറിഞ്ഞു ആദ്യമായി മാങ്ങാ വീഴ്ത്തിയതു ആ കൊല്ലം വട്ടമൂച്ചിയില്‍ എറിഞ്ഞാണു.

കടും പച്ച നിറത്തിലുള്ള വട്ടമൂച്ചിയെ പൂക്കള്‍ ചേര്‍ന്നു ഇളം മഞ്ഞ നിറത്തില്‍ അലങ്കരിച്ചിരുന്നു. ദൂരെ നിന്നു നോക്കിയാല്‍ മാവാണെന്നു പറയാന്‍ തന്നെ പ്രയാസം തോന്നുമാറ് അതിന്‍റെ മുഖച്ചായം തന്നെ മാറിയിരുന്നു.

രാവിലെ മദ്രസയില്‍ പോകുന്ന വഴിയാണ് കണ്ണിമാങ്ങകള്‍ അവിടെവിടെ കിടക്കുന്നതു കണ്ടത്. അന്നു മുതല്‍ കണ്ണിമാങ്ങ പെറുക്കാനായി നേരത്തെ തന്നെ പോകാന്‍ തുടങ്ങി. മദ്രസയിലേക്കും സ്കൂളിലേക്കും കണ്ണിമാങ്ങ എക്സ്പോര്‍ട്ടു ചെയ്യുകയുമുണ്ടായിരുന്നു.

സ്കൂള്‍ വിട്ടാല്‍ റെക്കോര്‍ഡ് വേഗത്തിലായിരുന്നു വട്ടമൂച്ചി ചുവട്ടിലെത്തിയിരുന്നത്. ഒരു കുന്നു കയറിയാണ് വന്നത് എന്നുപോലും തോന്നില്ലായിരുന്നു. നിലത്തു വീണു കിടന്നിരുന്ന കണ്ണിമാങ്ങ പെറുക്കാനായിരുന്നു ഈ പരക്കം പാച്ചില്‍.. .വാടി വീഴുന്ന കണ്ണിമാങ്ങകളുടെ രുചി വേറെ തന്നെയായിരുന്നു. ഒഴിവു ദിവസങ്ങളില്‍ പ്രധാന അന്നം അവ മറ്റൊന്നുമായിരുന്നില്ല. ദിവസം മുഴുവനും വട്ടമൂച്ചി ചുവട്ടില്‍ കഴിച്ചു കൂട്ടിയ ദിനങ്ങളും കുറവല്ല.

വട്ടമൂച്ചിയുടെ ഗുണഗണങ്ങളെ പറ്റി പറയുന്നതിനിടയ്ക്കു അതു നല്‍കുന്ന മാങ്ങയെ മറന്നു പോയി. 'ലാത്തി' എന്നു ഞങ്ങളുടെ ദേശത്തു വിളിച്ചിരുന്ന നീണ്ടുരുണ്ട മധുര മാങ്ങയാണ് വട്ടമൂച്ചിയുടേത്. ഒന്നു തിന്നാല്‍ തന്നെ ഏമ്പക്കം വരുന്നത്ര വലുത്. പച്ച മാങ്ങയ്ക്കും ലേശം മധുരമുണ്ടായിരുന്നു. 

വീട്ടുക്കാരുടെ കണ്ണുവെട്ടിച്ച് കൊണ്ടുവന്നിരുന്ന ഉപ്പും മുളകുപൊടിയും മൂച്ചിയുടെ തന്നെ പൊത്തുകളില്‍ സൂക്ഷിച്ചു വെച്ച് ആവശ്യം വരുമ്പോള്‍ എടുത്തു പച്ചമാങ്ങയും കൂട്ടി അടിക്കാറായിരുന്നു പതിവ്. വീഴുന്നതോ കയറി പറിക്കുന്നതോ മാത്രമേ കഴിക്കാറുണ്ടായിരുന്നുള്ളൂ. എറിഞ്ഞു വീഴ്ത്തുന്ന പതിവ് കുറവായിരുന്നു.

മാങ്ങ പഴുക്കാന്‍ തുടങ്ങിയതോടെ, അതുവരെ ഞങ്ങളുടെ മാത്രം അഹങ്കാരമായിരുന്ന വട്ട മൂച്ചിയെ ലക്ഷ്യമാക്കി ദൂരെ നിന്നു പോലും ആളുകള്‍ വരാന്‍ തുടങ്ങി. ആരു വന്നാലും നിരാശയി മടങ്ങാറില്ലായിരുന്നു. അത്രയ്ക്കധികം മാങ്ങകളായിരുന്നു വട്ടമൂച്ചിയിലുണ്ടായിരുന്നത്. വെറുതെ കല്ലെടുത്തെറിഞ്ഞാല്‍ പോലും മാങ്ങകള്‍ വീണിരുന്നു. (അങ്ങനെയാണ് ഞാന്‍ വീഴ്ത്തി ചരിത്രം തിരുത്തിയത്..!) വേഗത്തില്‍ പറിക്കാനായി കൊമ്പുകളെല്ലാം താഴ്ത്തിയായിരുന്നു അതിന്‍റെ നില്‍പ്പ്.

അണ്ണാറകണ്ണന്മാര്‍ക്കും കിളികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ആഘോഷക്കാലം തന്നെയായിരുന്നത്.

വൈകുന്നേരത്തെ ഫുട്ബാള്‍ കളിക്കിടെ ഓരോരുത്തരെ കാണാതാവും, കുറച്ചു കഴിഞ്ഞ് കൈയ്യില്‍ നിറയെ മാങ്ങകളുമായിട്ടായിരിക്കും പ്രത്യക്ഷപ്പെടല്‍ !

അടുത്തടുത്ത് തന്നെ കോമാങ്ങ, കടുമാങ്ങ, കിളിചുണ്ടന്‍, നാടന്‍, മുട്ടിക്കുടിയന്‍ തുടങ്ങി  വിവിധതരം രുചികളുള്ള മാങ്ങകള്‍ ഉദ്പാദിപ്പിക്കുന്ന മാവുകളുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ക്കെല്ലാം പ്രിയം വട്ടമൂച്ചിയുടെ ലാത്തി മാങ്ങ തന്നെയായിരുന്നു.

എത്ര തിന്നാലും മതിവരില്ലായിരുന്നു അത്. അക്കാലത്ത് ഞങ്ങളുടെ വീട്ടിലെത്തിയിരുന്ന വിരുന്നുകാര്‍ക്ക് വിളമ്പിയിരുന്നതും മറ്റൊന്നെല്ലായിരുന്നു. ഉപ്പും മുളകും കൂട്ടി പഴുത്ത മാങ്ങ തിന്നാന്‍ വേറൊരു രസം തന്നെയായിരുന്നു.

മനം നിറയെ മധുരോര്‍മകള്‍ നല്‍കിയാണ് ആ മാങ്ങാക്കാലം വിടവാങ്ങിയത്. വട്ടമൂച്ചിയുമായുള്ള ഞങ്ങളുടെ ബന്ധമൂട്ടിയുറപ്പിക്കുകയും ചെയ്തു.

ഒരു ദിവസം സ്കൂള്‍ വിട്ട് കുന്നുകയറി മുകളിലെത്തിയപ്പോള്‍ നെഞ്ചിടിച്ചു പോയി ഞങ്ങളുടെല്ലാവരുടേയും. പച്ചപ്പൊന്നുമില്ലാതെ അസ്ഥിയായ വട്ടമൂച്ചിയെയാണ് കാണാന്‍ കഴിഞ്ഞത്. 

അന്നു വരെ എല്ലാവരുടേതുമായിരുന്ന വട്ടമൂച്ചിക്ക് ഒരുടമസ്ഥനുണ്ടത്രെ. അവര്‍ കഴിഞ്ഞ മാങ്ങാക്കാലത്ത് വേണ്ടത്ര മാങ്ങയൊന്നും കിട്ടാത്തതിനാല്‍ അതിന്‍റെ തോലുവെട്ടി ദേഷ്യം തീര്‍ത്തിരിക്കയാണ്! ഇടുങ്ങിയ മനസ്സിന്‍റെ ഉടമകള്‍ക്കു ചുറ്റുമുള്ള നന്മകള്‍ കാണാന്‍ കഴിയില്ല എന്നു പറയുന്നത് എത്ര ശരിയാണ്.

അസ്ഥികൂടമായ വട്ടമൂച്ചി കരയുന്നതു പോലെ തോന്നി. തണലും കുടയുമെല്ലാമായിരുന്ന ആ മരം ഒറ്റയ്ക്കങ്ങനെ തേങ്ങി കൊണ്ടിരുന്നു.

മഴക്കാലമായതിനാല്‍ വേഗം തന്നെ പച്ചപ്പ് തിരിച്ചു വന്നുവെങ്കിലും മനോഹാരിത നശിച്ച പോലെ.

താഴ്ന്ന കൊമ്പുകളെല്ലാം വെട്ടിയതു കാരണം മരത്തില്‍ കയറാന്‍ വളരെ സാഹസം അനുഭവപ്പെട്ടു. അപൂര്‍വ്വമായി മാത്രം മരത്തില്‍ കയറാറുണ്ടായിരുന്നുള്ളൂ പിന്നീട്.

അടുത്ത കൊല്ലം പൂവിടാതെ വട്ടമൂച്ചി പക തീര്‍ത്തു. മാങ്ങയില്ലാത്തതിനാല്‍  ഞങ്ങള്‍ വേറെ മാവു തേടി പോയി. പിറ്റത്തെ വര്‍ഷം മാങ്ങ കായ്ച്ചെങ്കിലും പഴുക്കുന്നതിനു മുമ്പ് തന്നെ ഉടമസ്ഥര്‍ മുഴുവനും പറിച്ചു കൊണ്ടു പോയി. അവരെ പ്രാകി കൊണ്ട് ഞങ്ങള്‍ ആ കാഴ്ച നോക്കി കൊണ്ടിരുന്നു.

വൈകാതെ ഞങ്ങളെല്ലാവരും ഓരോ വഴിക്കായി പിരിഞ്ഞു.

ചുറ്റും മതിലുകളും, കല്‍വെട്ട് കുഴികളുമായി സിമന്‍റ് തറയ്ക്കു മുകളില്‍ ആരാരും വരാനില്ലാതെ ഒറ്റയാനായി കാലം കഴിച്ചു കൂട്ടുകയാണ് ഞങ്ങളുടെ വട്ടമൂച്ചിന്ന്.

-----------------------------------------------------------------------------------------------------------
* മൂച്ചി: മാവ് എന്നര്‍ത്ഥത്തില്‍ ഞങ്ങളുടെ നാട്ടില്‍ ഉപയോഗിച്ചു വരുന്ന പദം. 

Saturday, 29 September 2012

മധ്യസ്ഥന്‍

ഇരുട്ടിയിരുന്നു അന്ന് തിരിച്ചെത്തുമ്പോള്‍, നല്ല ക്ഷീണവും.

സാധാരണപോലെ റൂമിലേക്ക് നടന്നു നീങ്ങുമ്പോള്‍, അസാധാരണമായ ഒരാള്‍ക്കൂട്ടം എന്തെല്ലാമോ ശബ്ദവും കേള്‍ക്കുന്നു. പോയി നോക്കി. രണ്ടുപേര്‍ വഴക്കടിക്കയാണ്. കൂടുതല്‍ അടുത്തു ചെന്നപ്പോഴാണ് മനസ്സിലായത്, രണ്ടും എന്‍റെ സഹപാഠികള്‍... ഒറ്റ സുഹൃത്തുക്കളായ അവരെന്തിനിങ്ങനെ വഴക്കടിക്കണം.

കൂടിനില്‍ക്കുന്നവര്‍ അനുസരണയുള്ള കാണികള്‍ മാത്രം. ഒരാളും ഇടപെടുന്നില്ല. വാക്ക് പയറ്റെല്ലാതെ അടിയൊന്നും നടക്കുന്നില്ല, പക്ഷെ എല്ലാവരും നന്നായി ആസ്വദിക്കുന്നതായി തോന്നി.

എന്‍റെ പ്രകൃതം അനുസരിച്ച് ഒരൊറ്റ സീന്‍ ഒരുപാടു നേരം കാണുന്നത് മടുപ്പിക്കും. കുറച്ചു സമയം രംഗം വീക്ഷിച്ച് തീരുമാനിച്ചു കട്ട് പറയാന്‍ നേരായി.

കയറി ചെന്നു രണ്ടു പേരെയും മാറ്റി നിറുത്തി സംഭവം അന്വേഷിച്ചു. വില്ലനെന്നു തോന്നിയവനില്‍ നിന്നും തെറിയായിരുന്നു പിന്നീട് രണ്ടു മിനുട്ട്. ആ ഭാഷയില്‍ അത്രയ്ക്കു അഗ്രകണ്യനെല്ലാത്തതിനാല്‍ മഹാഭൂരിപക്ഷവും എന്‍റെ നിഘണ്ടുവിനു വെളിയിലായിരുന്നു.

വില്ലനായതിനാല്‍ തെറിമാത്രമേ അവനില്‍ നിന്നു കിട്ടൂ എന്നു മനസ്സിലായതിനാല്‍ മറ്റവനോട് - താരതമ്യേന പാവം- കാരണം തിരക്കി. അവനെ ഉരിയാടാനനുവദിക്കാതെ വില്ലന്‍ തന്നെ ഇടവേള വിട്ട് തെറി പദങ്ങള്‍ ചേര്‍ത്തു പറയാന്‍ തുടങ്ങി.
"എന്‍റെ മുറിയിലേക്ക് ഞാന്‍ കൊണ്ട് വരുമ്പോഴെല്ലാം ഈ കമീന* വന്നു അവന്‍റെ മുറിയിലേക്ക് കൊണ്ടു പോവുകയാണ്."

കാര്യം ഗൌരവം തന്നെ. മറ്റുള്ളവരുടെ മുറിയില്‍ നിന്നും അവരുടെ താല്‍പര്യമില്ലാതെ സാധനങ്ങള്‍ എടുത്തുകൊണ്ടു വരുന്നത് അത്ര നല്ല ഏര്‍പ്പാടെല്ല.
"അതിനു നിനക്ക് വാര്‍ഡനോട് കംപ്ലയന്‍റ്........"

ഞാന്‍ പറയുന്നതൊന്നും കേള്‍ക്കാനുള്ള ഒരുക്കത്തിലല്ല നമ്മുടെ വില്ലന്‍..
"സുഹൃത്താണെന്നു കരുതിയായിരുന്നു ഇതുവരെ മിണ്ടാതിരുന്നത്. ക്ഷമിക്കുന്നതിനുമില്ലേ ഒരതിര്."

ക്ഷമ നഷിച്ചവനായതിനാല്‍ ഇവനെ വിട്ട് പാവം പിടിച്ച പ്രതിയെ തന്നെ ഉപദേശിച്ചേക്കാം.
"നീ എന്തിനാ അവന്‍റെ മുറിയില്‍ നിന്നും സാധനങ്ങള്‍‌ എടുത്തു കൊണ്ടു വരുന്നത്. നിന്‍റെ ഒറ്റ സുഹൃത്തല്ലേ അവന്‍ ചോദിച്ചാല്‍ തരില്ലേ."

"അതിനു ഞാനൊന്നും കട്ടെടുത്തിട്ടില്ലല്ലോ." അന്തം വിട്ട മാതിരി അവന്‍ മറുപടി തന്നു.
വില്ലനും അന്തം വിട്ടു തന്നെ നില്‍ക്കുന്നു.
"ഇവന്‍ ഒരു സാധനവും കട്ടെടുത്തിട്ടില്ല." അവന്‍ പറഞ്ഞു. "പക്ഷേ, ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്ണിനെ എന്‍റെ മുറിയിലേക്ക് വിളിച്ചു കൊണ്ടു വരുമ്പോഴെല്ലാം ഇവന്‍ വന്ന് സോപ്പിട്ട് അവന്‍റെ മുറിയിലേക്ക് വിളിച്ചു കൊണ്ടു പോവുകയാണ്."

ഇപ്പോള്‍ ക്യാമറ എന്നെ ചുറ്റുകയാണ്. പ്രശ്നത്തില്‍ ഞാനിടപെട്ട ഓരോ രംഗവും ഫ്ലാഷ് ബാക്കില്‍., കൂടിനിന്നവര്‍ അനുസരണയുള്ള കാണിയായതും, കുറച്ചു നേരം ഞാന്‍ കാത്തിരുന്നതും എല്ലാം.

കാര്യം ചളിപുരളുന്നതാണ്. കുറച്ചായി കൂടുതലാവും മുമ്പേ സ്ഥലം വിടണം. എന്നാലും അറിയണമല്ലോ ആരാണ് നായിക. അതു കേട്ടതും ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍ റൂമില്‍ പോയി വിശ്രമിച്ചു.

മുഖത്തു നോക്കി ഒന്നു ചിരിച്ചാല്‍ ആരുടെയും കൂടെ പോരുന്ന അവള്‍ക്കു വേണ്ടിയാണെല്ലോ ഇവന്മാര്‍ ഇത്ര വഴക്കടിക്കുന്നത് എന്നാലോചിച്ച് ഒരുപാടു നേരം ഞാന്‍ ചിരിച്ചു.



-----------------------------------------------------------------------------------------------------
*കമീന: തെണ്ടി എന്നര്‍ഥത്തില്‍ ഹിന്ദിയിലുപയോഗിക്കുന്ന സ്ഥിരം തെറി.

Monday, 24 September 2012

ശബ്ദം

              ആ വൈകീട്ട് അങ്ങിനെ വായിച്ചിരിക്കുമ്പോഴാണ് പുറത്തു നിന്നും ആരോ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടത്. സാധാരണപോലെ അവഗണിച്ചു കൊണ്ട് വായന തുടര്‍ന്നു.
           
             പെട്ടന്ന് വാതില്‍ തുറന്നു വിളറിയ മുഖവുമായി ഉമ്മ വരുന്നു. "അടുത്ത വീട്ടില്‍ നിന്നും എന്തോ ശബ്ദം കേള്‍ക്കുന്നു, ഒന്നു പോയി നോക്ക്." ഒരൊറ്റ ആജ്ഞ.

             ഞങ്ങള്‍ അയല്‍വാസികള്‍ വളരെ അടുപ്പത്തിലായതിനാല്‍ രണ്ടു കൂട്ടരും എന്തുണ്ടെങ്കിലും പരസ്പര സഹകരണത്തിലായിരുന്നു. അവരുടെ കുടുംബത്തിലെന്തെങ്കിലും വിരുന്നോ സല്‍ക്കാരോ ഉണ്ടെങ്കില്‍ അവിടെ വിളമ്പിയതായിരിക്കും അന്നു രാത്രി ഞങ്ങളുടെ വീട്ടിലെ ഭക്ഷണം. അതുപോലെ തന്നെ ഞങ്ങളുടെ വീട്ടില്‍ പായസമോ, നെയ്യപ്പമോ ഉണ്ടാക്കുന്നത് അവരുടെ വീട്ടിലെ അംഗസംഖ്യയും കൂടി പരിഗണിച്ചായിരിക്കും. എന്തിനധികം, വിരുന്നുകാര്‍ വന്നാല്‍ പലഹാരം പോലും ഞങ്ങള്‍ പരസ്പരം അഡ്ജസ്റ്റു ചെയ്യാറാണു പതിവ്.

              അത്രയ്ക്കു ബന്ധമുള്ള അവരുടെ വീട്ടില്‍ നിന്നും ശബ്ദം കേട്ടാല്‍ ആദ്യം എത്തേണ്ടതു തീര്‍ച്ചയായും  ഞാന്‍ തന്നെ. വല്ല ആപത്തും സംഭവിച്ചതാണോ എന്നറിയില്ലല്ലോ. ഏതായാലും പുറത്തിറങ്ങി. അപ്പോഴുണ്ട് എല്ലാവരും എന്നെ നോക്കി നില്‍ക്കുന്നു. വല്ല രക്ഷകനേയും പ്രതീക്ഷിച്ചു നില്‍ക്കും പോലെ. അപ്പോഴാണ് യഥാര്‍ത്ഥ സംഭവം പിടികിട്ടുന്നത്.

              അവരുടെ വീട്ടിലെ ഒരു മുറിയില്‍ നിന്നു വല്ലാത്തൊരു ശബ്ദം കേട്ടു. അതുവരെ ആരും കേള്‍ക്കാത്ത തരത്തിലുള്ള ആ ശബ്ദം  ഒരൊറ്റ പ്രാവശ്യമേ കേട്ടൊള്ളൂ. സ്ത്രീ ജനങ്ങള്‍ മാത്രമുള്ളതിനാല്‍ ആര്‍ക്കും പരിശോധിക്കാനുള്ള ധൈര്യം വന്നില്ല. ആ നേരത്ത് ആണ്‍തരിയായി ഞാന്‍ മാത്രമുള്ളതിനാലാണ് എന്നെ വിളിച്ചത്. എന്തുചെയ്യാം അയല്‍വാസിയുമായി, ഏക ആണ്‍തരിയും.. പോയേ തീരൂ.

             ഒറ്റയ്ക്കുള്ള ആദ്യത്തെ ദൌത്യമായതിനാല്‍ ധൈര്യത്തിനായി മുണ്ടന്‍ വിറകു കഷ്ണവും ടോര്‍ച്ചും വാങ്ങി വീട്ടിനുള്ളില്‍ കയറി. ടോര്‍ച്ചടിച്ച് നല്ലവണ്ണം ഉറപ്പു വരുത്തിയതിനു ശേഷം പതുക്കെ ശബ്ദം കേട്ട മുറിയില്‍ കടന്നു. എല്ലായിടവും തപ്പിനോക്കി. ഒന്നും കണ്ടില്ല. വീടു മുഴുവനും പരിശോധിച്ചു. സംശയാസ്പദമായി ഒന്നുമില്ല.
             
            "വല്ല വവ്വാലോ മറ്റോ ആയിരിക്കും." വെന്‍റിലേറ്ററിലേക്ക് ടോര്‍ച്ചടിച്ചു കൊണ്ട് അവരെ സമാധാനിപ്പിക്കാനായി കാച്ചി.
             
           "വവ്വാലൊന്നുമല്ല. അതാണെങ്കില്‍ മനസിലാവും." അപ്പോള്‍ തന്നെ തിരുത്തും വന്നു.

           "പക്ഷേ ഒന്നും കാണാന്‍ കഴിഞ്ഞില്ലല്ലോ."

           ഓരോന്ന് പറഞ്ഞു കൊണ്ട് പതുക്കെ വീടിനു പുറത്തേക്കു കടക്കാനൊരുങ്ങുമ്പോളുണ്ട് നേരത്തെ ശബ്ദം കേട്ട മുറിയില്‍ നിന്നും കാര്യമായി എന്തോ താഴെ വീഴുന്ന ശബ്ദം.

           പേടിയുണ്ടെങ്കിലും മറച്ചു വച്ചു കൊണ്ട് ആ മുറിയിലേക്ക് ധൃതി വച്ചപ്പോഴുണ്ട് ചിരിച്ചു കൊണ്ട് അവിടുത്ത ചെറിയ മകള്‍ വരുന്നു. അന്തം വിട്ടുകൊണ്ട് കുറച്ചു നേരം നിന്നതിനു ശേഷം, അവിടെ ഉണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. പതുക്കെ കാര്യം മനസ്സിലായ ഞാനും അവരോടൊപ്പം ചേര്‍ന്നു.

            വാതിലിനു പിന്നിലുള്ള ആംഗറില്‍ തൂക്കിയിട്ടിരുന്ന കവര്‍ അതിന്‍റെ കൈയറ്റു വീണതാണു ശബ്ദത്തിനു പിന്നില്‍.., അതു പൂര്‍ണമായും നിലത്തെത്തിയിട്ടില്ലായിരുന്നു. അതുവരെ വാതില്‍ പിടിയില്‍ കുടുങ്ങി നിന്നിരുന്ന കവര്‍ വാതിലടച്ചപ്പോള്‍ നിലത്തേക്കു പതിച്ചതാണ് രണ്ടാമതു കേട്ട ശബ്ദം.

            ഇത്ര നിസാരമായ ഒരു കാര്യത്തിനു മുണ്ടന്‍ വടിയെടുത്ത് വന്ന ജാള്യത മറയ്ക്കാനായി വേഗം തന്നെ അവിടെ നിന്നും കീഞ്ഞു.

Saturday, 22 September 2012

സൂര്യന്‍ പോയി..



ഒരിക്കല്‍
‍ ഞങ്ങളുടെ ക്ലാസിലുള്ള എല്ലാവരും കൂടി ദക്ഷിണേന്ത്യയിലെ ആര്‍ക്കിയോളജിക്കല്‍‍ സൈറ്റുകള്‍‍ സന്ദര്‍ശിക്കുകയായിരുന്നു. മധുരൈ മീനാക്ഷി ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം ഞങ്ങള്‍ പോയത് അടുത്തിടെ തിരിച്ചറിഞ്ഞ പുരാതന തുറമുഖമായ മുസ്രിസ് (ഇന്നത്തെ പട്ടണം) കാണാനായിരുന്നു.

ഏക സൌത്തിന്ത്യക്കാരനായതിനാ‍ല്‍ വളരെ സന്തോഷത്തോടെ എല്ലാതും മറ്റുള്ളവര്‍ക്കു വിശദീകരിച്ചു കൊണ്ടിരിക്കയായിരുന്നു ഞാന്‍. കേരളത്തിന്റെ കാലാവസ്ഥയും ചരിത്രവും എല്ലാം..
     
    മാര്‍ച്ച് മാസത്തിലെ ഉഷ്ണ തീക്ഷണതയാല്‍ എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു. പട്ടണത്തിലെത്തിയ ഞങ്ങള്‍ക്ക് പ്രത്യേക സ്വീകരണം തന്നെ ലഭിക്കുകയുണ്ടായി. ഉത്തരേന്ത്യയില്‍‍ നിന്നുള്ള ആദ്യ വിദ്യാര്‍ത്ഥി കൂട്ടമാണത്രെ ഞങ്ങള്‍‍. അവിടുന്ന് കണ്ടെത്തിയ സാധനങ്ങളെല്ലാം ഞങ്ങള്‍ക്കു കാണിച്ചു തന്നു. മുസ്രിസിന്‍റെ ഓരോ വളര്‍ച്ചയെ കുറിച്ചും വിശദീകരിച്ചു തരികയുണ്ടായി.

    പെട്ടന്നായിരുന്നു ഒരു മിന്നലും ഇടിയും അതോടു കൂടി ചുട്ടു പൊള്ളുന്ന സൂര്യനെ സാക്ഷിയാക്കി കോരിച്ചൊരിയുന്ന മഴയും. കുറുക്കന്‍റെ കല്യാണമെന്നാണ് വെയിലും മഴയും ഒന്നിച്ചുണ്ടായാല്‍ ചെറുപ്പത്തിലെല്ലാം ഞങ്ങള്‍ പറഞ്ഞിരുന്നതെന്ന് എന്‍റെ സഹപാഠികളോട് പറഞ്ഞപ്പോള്‍ അവര്‍ക്കു ചിരിയടക്കാനായില്ല.

ഒരുപാട് കാലത്തിനു ശേഷം മഴ കണ്ട ഉത്തരേന്ത്യക്കാരായ ചില സുഹൃത്തുക്കള്‍ മഴ നനയാന്‍‍ തന്നെ തീരുമാനിച്ചു. കണ്ണു തുളയുന്ന മിന്നലും കാതടയ്ക്കുന്ന ഇടിയും വന്നപ്പോഴേക്കും അവര്‍‍ പേടിച്ചു പിന്മാറി.

സാധാരണ വെയിലും മഴയും ഒന്നിച്ചു വന്നാല്‍‍ പെട്ടന്നു മഴ നിലയ്ക്കുകയോ അല്ലെങ്കില്‍ വെയില്‍‍ പോവുകയോയാണുണ്ടാവാറ്‍. പക്ഷേ അതിന്റെ ഒരു ലക്ഷണവും കാണാനില്ലായിരുന്നു. എനിക്കും അവിടെ ഉണ്ടായിരുന്ന മറ്റു മലയാളികള്‍ക്കും ചെറിയ ഭയം തോന്നി തുടങ്ങി. ഞങ്ങളുടെ പേടി വെറുതെയല്ല എന്നുറപ്പിക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവങ്ങള്‍.

വൈകാതെ എങ്ങും ഇരുട്ട്ഒന്നും കാണാനില്ല. അതു വരെ ആകാശത്ത് കത്തി ജ്വലിച്ചു നിന്നിരുന്ന സൂര്യനെ നോക്കിയപ്പോള്‍ അവിടെയില്ല. അന്ന് ഗ്രഹണമുള്ളതായി അറിവൊന്നുമില്ല. ആകാശത്തില്‍ ഒരു തുള്ളി വെളിച്ചമില്ലചില നക്ഷത്രങ്ങളുടെയും വിമാനങ്ങളുടെയുമൊഴിച്ച്.

കുറച്ചു നേരത്തെ സ്തംഭനത്തിനു ശേഷം എങ്ങും വിളക്ക് തെളിഞ്ഞു. ആരുടെ മുഖത്തും അങ്കലാപ്പു മാത്രം. ഒന്നിനും ആര്ക്കുമൊരുത്തരമില്ല. ചിലര്‍‍ പറഞ്ഞു അന്ത്യ നാളായിരിക്കുമെന്ന്. എന്‍റെ കൂടെയുണ്ടായിരുന്ന പലര്‍ക്കും ഫോണ്‍ വരാന്‍‍ തുടങ്ങി അവരവരുടെ വീടുകളില്‍‍ നിന്ന്. അപ്പോള്‍‍ മനസ്സിലായി ഇതൊരു ഓള്‍ ഇന്ത്യാ പ്രതിഭാസമാണെന്ന്. ദുബൈയിലുള്ള എന്‍റുപ്പാന്‍റെ കോള്‍ വഴി ഇതൊരു ഇന്‍റര്‍നാഷണല്‍ പ്രശ്നമായിരിക്കുന്നു എന്നറിയാന്‍ കഴിഞ്ഞു. എല്ലാവരും പെട്ടന്നു തന്നെ തങ്ങളുടെ ഇടങ്ങളിലെത്താന്‍‍ ആക്കം കൂട്ടി.

സയന്‍റിസ്റ്റുകളെല്ലാം തന്നെ ടെലിസ്കോപ്പുകളും മറ്റും ഉപയോഗിച്ച് സൂര്യനെ തെരയാന്‍ തുടങ്ങി. പക്ഷെ ഒരു പൊടി പോലും കാണാനില്ല. ആകാശം മുട്ടെ സോഡിയം ലാമ്പിന്‍റെ മഞ്ഞ നിറം. ഞാനാകെ ഭയന്നു നില്ക്ക യാണ്. ഇനിയെന്തു ചെയ്യുമെന്നറിയില്ല. എന്നാലും മനസ്സിലൊരു പ്രതീക്ഷ സൂ‍ര്യ‍‍ന്‍ തിരിച്ചു വരുമെന്ന്.

എല്ലാവരും വെപ്രാളത്തില്‍. രാത്രിയും പകലുമൊന്നുമില്ലാത്തതിനാല്‍‍‍ ഉറക്കം വരുമ്പോ‍ള്‍‍‍ ഉറങ്ങും ഉണരുമ്പോ‍‍‍ള്‍‍‍ ഉണരും. ഉണര്‍ന്നു കഴിഞ്ഞാല്‍‍ നേരെ പുറത്തു പോയി ആകാശം നോക്കും. പത്രങ്ങളിലും ചാനലുകളിലുമെല്ലാം പലരുടെയും പ്രവചനങ്ങള്‍, പ്രഖ്യാപനങ്ങള്‍, അഭിപ്രായ പ്രകടനങ്ങള്‍, സാന്ത്വനങ്ങള്‍‍ തുടങ്ങിയവ മാത്രം.
 രണ്ടു ദിവസം കഴിഞ്ഞതേയുള്ളൂ ലോകം ഒന്നടങ്കം ഊര്‍ജ ക്ഷാമം നേരിടാ‍ന്‍‍‍ തുടങ്ങി. ആവശ്യത്തിലധികമുള്ള സ്ട്രീറ്റ് ലൈറ്റുകള്‍‍ അണയ്ക്കാനുംഅനാവശ്യമായുള്ള ഊര്‍ജ ഉപഭോഗം കുറയ്ക്കാനും‍ ടി.വി യിലൂടെയും പത്രങ്ങളിലൂടെയും അറിയിപ്പുകളും വരാന്‍‍‍ തുടങ്ങി. ചില വികസ്വര രാജ്യങ്ങള്‍‍ (ഇന്ത്യചൈന തുടങ്ങിയ ജനസംഖ്യ കൂടിയവ) വികസിത രാജ്യങ്ങളോട് ഊര്‍ജം ഇരയ്ക്കാനും അവരെ പഴിചാരാനും തുടങ്ങി. ബറാക്ക് ഒബാമ അമേരിക്കയിലേക്കു ഉള്‍വലിഞ്ഞു കൊണ്ട് അമേരിക്കയുടെ ഊര്ജം അമേരിക്കക്ക് മാത്രം‍ എന്നു തുടങ്ങിയ പ്രസ്താവനകളും അതിനെതിരെ ഒബാമ സമം ഒസാമ സമം ആമ എന്നിങ്ങനെയുള്ള സമവാക്യങ്ങളുമായി ചിലര്‍‍‍ തെരുവുകളില്‍‍ ടോര്‍ച്ചും കത്തിച്ച് പ്രകടനങ്ങ‍ള്‍ നടത്താനും ആരംഭിച്ചു. യു.എന്‍. അതിന്‍റെ ചിരക്കാല മൌനം തുടര്‍ന്നു കൊണ്ടിരുന്നു. നാസയും യൂറോപ്യന്‍ ബഹിരാകാശ  ഏജന്‍സികളും .എസ്.ആര്‍‍. യുമെല്ലാം സൂര്യനു പകരം സാറ്റ്‍ലൈറ്റ് രൂപത്തിലുള്ള കൃത്രിമ സൂര്യനെ നിര്‍മ്മിക്കാനുള്ള ശ്രമവും ആരംഭിച്ചു.

മൂന്നാം ദിനം മുതല്‍‍ ഓക്സിജന്‍റെ ദൌര്‍ലഭ്യം അനുഭവപ്പെടാന്‍‍ തുടങ്ങി. എരിത്രിയയിലുംസുഡാനിലുംഹെയ്തിയിലുമെല്ലാം ആളുകള്‍‍ ഓക്സിജന്‍‍ കിട്ടാതെ മരിക്കുന്നതായി ഫ്ലാഷ് ന്യൂസുകള്‍‍ വന്നുകൊണ്ടിരുന്നു. ഓക്സിജ‍ന്‍‍‍ സിലിണ്ടര്‍ ഫിറ്റു ചെയ്തുകൊണ്ട് അന്ന് ലോക നേതാക്കള്‍‍ യോഗം ചേ‍ര്‍ന്നു. വികസിത രാജ്യങ്ങള്‍‍ അവരുടെ കൈയിലുള്ള ഊര്‍ജവും കൃത്രിമ ഓക്സിജനും മറ്റു അവികസിത രാജ്യങ്ങളുമായി പങ്കു വെക്കണമെന്നുള്ള പ്രമേയത്തെ വികസിത രാജ്യങ്ങള്‍ വീറ്റോ ചെയ്തു. തീരുമാനമൊന്നുമാകാതെ യോഗം പിരിയുകയും ചെയ്തു.
വാഹനങ്ങള്‍ ഓടിക്കാനാവാതെ ആളുകള്‍‍ വീടുകളില്‍‍ തന്നെയിരുന്ന് ചാനലുകള്‍‍ മാറ്റി ആകാശത്തിന്‍റെയും സൂര്യന്‍റേയുമെല്ലാം ഭംഗി ആസ്വദിച്ചു. ഓക്സിജന്‍ സിലിണ്ടര്‍ വില്‍ക്കുന്ന കടകള്‍ക്ക് മുമ്പില്‍ ക്യൂവിന്‍റെ നീളം നിമിഷം ചെല്ലുന്തോറും വര്‍ധിച്ചു. മരങ്ങള്‍‍ ഇലകള്‍‍ താഴ്ത്തി നിരാശരായി നിന്നു. കഠിന ഹൃദയനായ ഞാന്‍ വരെ ഉമ്മായെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി.

മസ്ജിദുകളില്‍ നിന്നെല്ലാം ആപത്തില്‍ പെട്ടാലുള്ള പ്രാര്‍ഥനകള്‍‍ ഉയരാന്‍‍ തുടങ്ങി. മുസ്ലീങ്ങള്‍‍ നിസ്കാരവുംഖുര്‍ആന്‍ ‍ പാരായണവും വര്‍ധിപ്പിച്ചു. അമ്പലങ്ങളില്‍‍ ഭജനയ്ക്കു ആളുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരുന്നു. പാതിരാ കുര്‍ബാനയ്ക്കു വരെ ചര്‍ച്ചുക‍ള്‍‍‍ നിറഞ്ഞു കവിഞ്ഞു. മതേത്വരത്ത അന്ധവിശ്വസികളായ കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍‍ വരെ ജനങ്ങളോട് പ്രാര്‍ഥിക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടു.

എന്‍റെ നാലാം ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ് ആകാശം നോക്കിയപ്പോള്‍‍ ആകാശം വിണ്ടു കീറി അവിടങ്ങളില്‍‍ നിന്നും പ്രകാശം വരുന്നു. ഇതു കണ്ടവരെല്ലാം ഉറപ്പിച്ചു പറഞ്ഞു അന്ത്യനാള്‍‍ തന്നെ ആകാശം ഇപ്പോള്‍‍ പൊട്ടി വീഴും ഭൂമിയും വൈകാതെ പിളരും. എന്തു ചെയ്യണമെന്നറിയാതെ പേടിച്ചു വിരണ്ട ഞാന്‍‍ വീണ്ടും ഉറങ്ങിപ്പോയി.

ബഹളം കേട്ട് ഞെട്ടിയുണര്‍ന്നപ്പോ‍ള്‍ ജനലിലൂടെ വെളിച്ചം. എല്ലാവരും ആഘോഷതിമി‍ര്‍പ്പില്‍‍. ടി.വി യിലൂടെ നേതാക്കന്മാര്‍‍ ആശംസകള്‍‍ നേരുന്നു. സൌര്യയൂഥത്തിനു പുറത്തുള്ള സൂര്യനേക്കാള്‍‍ വലിയൊരു വസ്തു സൂര്യനെ മറച്ചു വെച്ചതാണ് ഇരുട്ടിന് കാരണമായതെന്ന് സയന്‍റിസ്റ്റുകള്‍‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍‍ വന്നു കൊണ്ടിരുന്നു. അത് ഇപ്പോള്‍‍ നീങ്ങി പോവുകയും ചെയ്തു. പക്ഷെ അത് എവിടെ നിന്നു വന്നുവന്നോ എവിടെ പോയി എന്നോ ആര്‍ക്കും ഒരു ഉത്തരമില്ല.

ഇങ്ങിനെ സ്വപ്നം എത്തി നില്‍ക്കുമ്പോഴാണ് ഞാന്‍‍ ഉണര്‍ന്നത്. തലയുടെ അടുത്തു തന്നെയുള്ള മൊബൈലില്‍‍ സമയം‍ 10 മണി. വേഗം മെസ്സിലേക്ക് ഓടി. പക്ഷേ ഇപ്പോഴും  സ്വപ്നത്തിന്‍റെ ഹാങ് ഓവര്‍ മാറിയിട്ടില്ല. എന്‍റെ സഹ മുറിയന്‍‍ സുബൈറിനോടിത് പറഞ്ഞപ്പോള്‍ അവനാണുപദേശിച്ചത്‍ വേഗം എഴുതി വെക്കാന്‍.
    പക്ഷെ എന്‍റെ പേടി  സ്വപ്നം യഥാര്‍ത്ഥ്യമാവുമോ?