Saturday, 6 October 2012

വട്ടമൂച്ചി

എന്‍റെ ചെറുപ്പത്തിലെ ലോകാദ്ഭുതങ്ങളില്‍ ഒന്നായിരുന്നു വട്ടമൂച്ചി*. ചെറുപ്പം എന്നു പറയുമ്പോള്‍ കറുപ്പും വെളുപ്പിലേക്കുമൊന്നും പോകണ്ട. ഒരു പത്തു പതിമൂന്ന് വര്‍ഷം പിന്നിലോട്ട് മാത്രം.

വട്ടമൂച്ചി ലോകാദ്ഭുതമാവാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. പൂന്തോട്ടത്തിലെ ചെടികള്‍ വെട്ടി ഗോളാകൃതിയിലാക്കിയപോലെ ഒരു പടുകൂറ്റന്‍ വൃക്ഷം പത്തു പന്ത്രണ്ടു വയസുള്ള എനിക്ക് ലോകാദ്ഭുതമെല്ലാതെ വേറന്താ? സ്കൂളില്‍ ലോകാദ്ഭുതങ്ങളെ എണ്ണാന്‍ പറഞ്ഞപ്പോള്‍ പലപ്പോഴും വട്ടമൂച്ചിയുമുണ്ടായിരുന്നു എന്‍റെ ലിസ്റ്റില്‍ !

സ്ഥിരമായി ഒരു ജിന്ന് വന്നു വെട്ടി ശരിപ്പെടുത്തുന്നതിനലാണത്രെ അതിനു ആ ആകൃതി കൈ വന്നത്!


പാറയും പുല്ലും നിറഞ്ഞ ആ കുന്നിന്‍ പുറത്തു ആരുടെയും ആദ്യ നോട്ടം കവര്‍ന്നെടുത്ത് പന്തലിച്ചു നില്‍ക്കുന്ന ആ ഒറ്റയാന്‍ മാവായിരുന്നു ഞങ്ങള്‍ ചെള്ളു പിള്ളാരുടെ ആസ്ഥാനം. രണ്ടു പേര്‍ പിടിച്ചാലും കൈയ്യിലൊതുങ്ങാത്ത വിസ്തീര്‍ണമുണ്ട് അതിന്‍റെ താഴ് തടിക്കു. ഞാന്‍ മരം കയറ്റം പഠിച്ചതു വട്ടമൂച്ചിയില്‍ കയറിയായിരുന്നു.

എല്ലാ കാലത്തും കുളിരു മാത്രം തരുന്ന വട്ടമൂച്ചി ചുവട് ചൂടുകാലത്ത് തണലേകിയും മഴക്കാലത്ത് കുടയില്ലാതെ നില്‍ക്കാനുമുള്ള ഏര്‍പ്പാട് ചെയ്തും വഴിപോക്കര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും നല്‍കിയ ആശ്വാസം ചെറുതൊന്നുമല്ലായിരുന്നു.

സ്കൂളില്‍ പോകുമ്പോഴും തിരിച്ചു വരുമ്പോഴും എല്ലാവരും കൂടിയിരുന്നതും പിരിഞ്ഞു പോയിരുന്നതും വട്ടമൂച്ചിയുടെ താഴെ വെച്ചായിരുന്നു. സ്കൂള്‍ കട്ട് ചെയ്തു ഒളിച്ചിരുന്നിരുന്നതും വട്ടമൂച്ചിയില്‍ തന്നെയായിരുന്നു!

മാങ്ങാക്കാലം ഞങ്ങള്‍ക്കു ഉത്സവക്കാലമായിരുന്നു. മാവ് പൂക്കുന്നതു മുതല്‍ ഞങ്ങളെല്ലാവരും സ്ഥിരം വട്ടമൂച്ചിയുടെ ചുവട്ടില്‍ തന്നെയായിരിക്കും. പൂക്കള്‍ കൊഴിയുമോ എന്നു കരുതി അപ്പോഴൊന്നും ആരും മരം കയറാനോ കല്ലെറിയാനോ തയ്യാറാവില്ലായിരുന്നു.

ആ വര്‍ഷത്തെ മാങ്ങാക്കാലം എല്ലാവര്‍ക്കും ഓര്‍ത്തിരിക്കാന്‍ ഒത്തിരി ഓര്‍മ്മകള്‍ നല്‍കുകയുണ്ടായി. എന്നെ സംബന്ധിച്ചേടത്തോളം, കല്ലെറിഞ്ഞു ആദ്യമായി മാങ്ങാ വീഴ്ത്തിയതു ആ കൊല്ലം വട്ടമൂച്ചിയില്‍ എറിഞ്ഞാണു.

കടും പച്ച നിറത്തിലുള്ള വട്ടമൂച്ചിയെ പൂക്കള്‍ ചേര്‍ന്നു ഇളം മഞ്ഞ നിറത്തില്‍ അലങ്കരിച്ചിരുന്നു. ദൂരെ നിന്നു നോക്കിയാല്‍ മാവാണെന്നു പറയാന്‍ തന്നെ പ്രയാസം തോന്നുമാറ് അതിന്‍റെ മുഖച്ചായം തന്നെ മാറിയിരുന്നു.

രാവിലെ മദ്രസയില്‍ പോകുന്ന വഴിയാണ് കണ്ണിമാങ്ങകള്‍ അവിടെവിടെ കിടക്കുന്നതു കണ്ടത്. അന്നു മുതല്‍ കണ്ണിമാങ്ങ പെറുക്കാനായി നേരത്തെ തന്നെ പോകാന്‍ തുടങ്ങി. മദ്രസയിലേക്കും സ്കൂളിലേക്കും കണ്ണിമാങ്ങ എക്സ്പോര്‍ട്ടു ചെയ്യുകയുമുണ്ടായിരുന്നു.

സ്കൂള്‍ വിട്ടാല്‍ റെക്കോര്‍ഡ് വേഗത്തിലായിരുന്നു വട്ടമൂച്ചി ചുവട്ടിലെത്തിയിരുന്നത്. ഒരു കുന്നു കയറിയാണ് വന്നത് എന്നുപോലും തോന്നില്ലായിരുന്നു. നിലത്തു വീണു കിടന്നിരുന്ന കണ്ണിമാങ്ങ പെറുക്കാനായിരുന്നു ഈ പരക്കം പാച്ചില്‍.. .വാടി വീഴുന്ന കണ്ണിമാങ്ങകളുടെ രുചി വേറെ തന്നെയായിരുന്നു. ഒഴിവു ദിവസങ്ങളില്‍ പ്രധാന അന്നം അവ മറ്റൊന്നുമായിരുന്നില്ല. ദിവസം മുഴുവനും വട്ടമൂച്ചി ചുവട്ടില്‍ കഴിച്ചു കൂട്ടിയ ദിനങ്ങളും കുറവല്ല.

വട്ടമൂച്ചിയുടെ ഗുണഗണങ്ങളെ പറ്റി പറയുന്നതിനിടയ്ക്കു അതു നല്‍കുന്ന മാങ്ങയെ മറന്നു പോയി. 'ലാത്തി' എന്നു ഞങ്ങളുടെ ദേശത്തു വിളിച്ചിരുന്ന നീണ്ടുരുണ്ട മധുര മാങ്ങയാണ് വട്ടമൂച്ചിയുടേത്. ഒന്നു തിന്നാല്‍ തന്നെ ഏമ്പക്കം വരുന്നത്ര വലുത്. പച്ച മാങ്ങയ്ക്കും ലേശം മധുരമുണ്ടായിരുന്നു. 

വീട്ടുക്കാരുടെ കണ്ണുവെട്ടിച്ച് കൊണ്ടുവന്നിരുന്ന ഉപ്പും മുളകുപൊടിയും മൂച്ചിയുടെ തന്നെ പൊത്തുകളില്‍ സൂക്ഷിച്ചു വെച്ച് ആവശ്യം വരുമ്പോള്‍ എടുത്തു പച്ചമാങ്ങയും കൂട്ടി അടിക്കാറായിരുന്നു പതിവ്. വീഴുന്നതോ കയറി പറിക്കുന്നതോ മാത്രമേ കഴിക്കാറുണ്ടായിരുന്നുള്ളൂ. എറിഞ്ഞു വീഴ്ത്തുന്ന പതിവ് കുറവായിരുന്നു.

മാങ്ങ പഴുക്കാന്‍ തുടങ്ങിയതോടെ, അതുവരെ ഞങ്ങളുടെ മാത്രം അഹങ്കാരമായിരുന്ന വട്ട മൂച്ചിയെ ലക്ഷ്യമാക്കി ദൂരെ നിന്നു പോലും ആളുകള്‍ വരാന്‍ തുടങ്ങി. ആരു വന്നാലും നിരാശയി മടങ്ങാറില്ലായിരുന്നു. അത്രയ്ക്കധികം മാങ്ങകളായിരുന്നു വട്ടമൂച്ചിയിലുണ്ടായിരുന്നത്. വെറുതെ കല്ലെടുത്തെറിഞ്ഞാല്‍ പോലും മാങ്ങകള്‍ വീണിരുന്നു. (അങ്ങനെയാണ് ഞാന്‍ വീഴ്ത്തി ചരിത്രം തിരുത്തിയത്..!) വേഗത്തില്‍ പറിക്കാനായി കൊമ്പുകളെല്ലാം താഴ്ത്തിയായിരുന്നു അതിന്‍റെ നില്‍പ്പ്.

അണ്ണാറകണ്ണന്മാര്‍ക്കും കിളികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ആഘോഷക്കാലം തന്നെയായിരുന്നത്.

വൈകുന്നേരത്തെ ഫുട്ബാള്‍ കളിക്കിടെ ഓരോരുത്തരെ കാണാതാവും, കുറച്ചു കഴിഞ്ഞ് കൈയ്യില്‍ നിറയെ മാങ്ങകളുമായിട്ടായിരിക്കും പ്രത്യക്ഷപ്പെടല്‍ !

അടുത്തടുത്ത് തന്നെ കോമാങ്ങ, കടുമാങ്ങ, കിളിചുണ്ടന്‍, നാടന്‍, മുട്ടിക്കുടിയന്‍ തുടങ്ങി  വിവിധതരം രുചികളുള്ള മാങ്ങകള്‍ ഉദ്പാദിപ്പിക്കുന്ന മാവുകളുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ക്കെല്ലാം പ്രിയം വട്ടമൂച്ചിയുടെ ലാത്തി മാങ്ങ തന്നെയായിരുന്നു.

എത്ര തിന്നാലും മതിവരില്ലായിരുന്നു അത്. അക്കാലത്ത് ഞങ്ങളുടെ വീട്ടിലെത്തിയിരുന്ന വിരുന്നുകാര്‍ക്ക് വിളമ്പിയിരുന്നതും മറ്റൊന്നെല്ലായിരുന്നു. ഉപ്പും മുളകും കൂട്ടി പഴുത്ത മാങ്ങ തിന്നാന്‍ വേറൊരു രസം തന്നെയായിരുന്നു.

മനം നിറയെ മധുരോര്‍മകള്‍ നല്‍കിയാണ് ആ മാങ്ങാക്കാലം വിടവാങ്ങിയത്. വട്ടമൂച്ചിയുമായുള്ള ഞങ്ങളുടെ ബന്ധമൂട്ടിയുറപ്പിക്കുകയും ചെയ്തു.

ഒരു ദിവസം സ്കൂള്‍ വിട്ട് കുന്നുകയറി മുകളിലെത്തിയപ്പോള്‍ നെഞ്ചിടിച്ചു പോയി ഞങ്ങളുടെല്ലാവരുടേയും. പച്ചപ്പൊന്നുമില്ലാതെ അസ്ഥിയായ വട്ടമൂച്ചിയെയാണ് കാണാന്‍ കഴിഞ്ഞത്. 

അന്നു വരെ എല്ലാവരുടേതുമായിരുന്ന വട്ടമൂച്ചിക്ക് ഒരുടമസ്ഥനുണ്ടത്രെ. അവര്‍ കഴിഞ്ഞ മാങ്ങാക്കാലത്ത് വേണ്ടത്ര മാങ്ങയൊന്നും കിട്ടാത്തതിനാല്‍ അതിന്‍റെ തോലുവെട്ടി ദേഷ്യം തീര്‍ത്തിരിക്കയാണ്! ഇടുങ്ങിയ മനസ്സിന്‍റെ ഉടമകള്‍ക്കു ചുറ്റുമുള്ള നന്മകള്‍ കാണാന്‍ കഴിയില്ല എന്നു പറയുന്നത് എത്ര ശരിയാണ്.

അസ്ഥികൂടമായ വട്ടമൂച്ചി കരയുന്നതു പോലെ തോന്നി. തണലും കുടയുമെല്ലാമായിരുന്ന ആ മരം ഒറ്റയ്ക്കങ്ങനെ തേങ്ങി കൊണ്ടിരുന്നു.

മഴക്കാലമായതിനാല്‍ വേഗം തന്നെ പച്ചപ്പ് തിരിച്ചു വന്നുവെങ്കിലും മനോഹാരിത നശിച്ച പോലെ.

താഴ്ന്ന കൊമ്പുകളെല്ലാം വെട്ടിയതു കാരണം മരത്തില്‍ കയറാന്‍ വളരെ സാഹസം അനുഭവപ്പെട്ടു. അപൂര്‍വ്വമായി മാത്രം മരത്തില്‍ കയറാറുണ്ടായിരുന്നുള്ളൂ പിന്നീട്.

അടുത്ത കൊല്ലം പൂവിടാതെ വട്ടമൂച്ചി പക തീര്‍ത്തു. മാങ്ങയില്ലാത്തതിനാല്‍  ഞങ്ങള്‍ വേറെ മാവു തേടി പോയി. പിറ്റത്തെ വര്‍ഷം മാങ്ങ കായ്ച്ചെങ്കിലും പഴുക്കുന്നതിനു മുമ്പ് തന്നെ ഉടമസ്ഥര്‍ മുഴുവനും പറിച്ചു കൊണ്ടു പോയി. അവരെ പ്രാകി കൊണ്ട് ഞങ്ങള്‍ ആ കാഴ്ച നോക്കി കൊണ്ടിരുന്നു.

വൈകാതെ ഞങ്ങളെല്ലാവരും ഓരോ വഴിക്കായി പിരിഞ്ഞു.

ചുറ്റും മതിലുകളും, കല്‍വെട്ട് കുഴികളുമായി സിമന്‍റ് തറയ്ക്കു മുകളില്‍ ആരാരും വരാനില്ലാതെ ഒറ്റയാനായി കാലം കഴിച്ചു കൂട്ടുകയാണ് ഞങ്ങളുടെ വട്ടമൂച്ചിന്ന്.

-----------------------------------------------------------------------------------------------------------
* മൂച്ചി: മാവ് എന്നര്‍ത്ഥത്തില്‍ ഞങ്ങളുടെ നാട്ടില്‍ ഉപയോഗിച്ചു വരുന്ന പദം. 

1 comment:

  1. സ്മരണ കൊള്ളാം..
    മാവിൻതണലുകൾ നഷ്ടപ്പെടുകയാണല്ലൊ നാടെങ്ങും..

    ReplyDelete